Tuesday, December 28, 2010

"വാക്കുകള്‍ ചുട്ടെടുക്കുന്ന ചൂള പേറുന്ന ഒരാള്‍ !

നൗഷാദ് കൂടരഞ്ഞിയുടെ "സ്നേഹത്തിന്റെ മറ്റൊരു കണക്കു പുസ്തകം" എന്ന കവിതക്ക് എഴുതിയ കമന്റ്.

കവിത ഇവിടെ വായിക്കാം.



* * *

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു."


"പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ."


"ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.? ……"


ഒരു പുലര്‍ച്ചെ കണ്ടപ്പോള്‍
ഒരു ത്രെഡ് കിട്ടിയിട്ടുണ്ട്
"സ്നേഹത്തിന്റെ കണക്കു പുസ്തകം..."
എന്നു ചൊല്ലി
കയ്യിലൊരു പേനയും കടലാസ് കഷ്ണവുമായി
മുന്നൂറോളം വരുന്ന ജോലിക്കാര്‍ക്ക് ആജ്ഞകളും നിര്‍ദ്ദേശങ്ങളും നല്‍കി
ഈ മനുഷ്യന്‍ ഒരു പകല്‍ മുഴുവനും കൂടെയുണ്ടായിരുന്നപ്പോള്‍

കവേ..
ഞാനറിഞ്ഞില്ലല്ലോ..

വാക്കുകള്‍ ചുട്ടെടുക്കുന്ന ചൂളയാണങ്ങയുടെ മനസ്സെന്ന്..

ഈ ആള്‍ക്കൂട്ടത്തിന്റെ..
യന്ത്രഭീമാകാരന്മാരുടെ
കാതടപ്പിക്കുന്ന അട്ടഹാസങ്ങള്‍ക്കിടയിലും

ഇടനെഞ്ചില്‍ ഒരമ്പു കൊണ്ട്
അങ്ങയുടെ ഹൃദയം
വൃണ നോവറിഞ്ഞ്
നിണം കിനിത്തുകയാണെന്ന്...

ഒരു പകലറ്റം ഞാന്‍ ചെയ്തതൊക്കെ എടുത്ത്
വെച്ച് നോക്കി നെടുവീര്‍പ്പിട്ടു പോകുന്നു..

അങ്ങെഴുതിയ കവിതയിലെ ഒരു വരിക്കനം പോലുമില്ല
ഞാനെടുത്ത ആയിരത്തോളം നിശ്ചല ചിത്രങ്ങള്‍ക്കെന്ന്...

ഞാനിപ്പോള്‍ ചിന്തിക്കുന്നതെന്തെന്നോ..

ഏക്കറു കണക്കിനു പന്തലായ് പരിണമിച്ചൊരു ഫാക്ടറിയും
മുന്നൂറിനു മേല്‍ പണിക്കാര്‍ക്കു മേല്‍നോട്ടവുമില്ലാതെ
യന്ത്ര രാക്ഷസന്മാറുറങ്ങിക്കിടക്കുന്ന..
ഒച്ച ബഹള അലോസരങ്ങളില്ലാതെ
കടം കൊണ്ട ഒരിത്തിരി നേരത്ത്

അങ്ങില്‍ ഒരു കവിത ജനിക്കുകില്‍ ..
അവയെത്രമേലെന്നെ
ആനന്ദപുളകിതമാക്കില്ല
എന്നോര്‍ത്തു ഞാനെന്റെ
അല്‍ഭുതം കുറിക്കട്ടെ!!!!!!!

Saturday, December 4, 2010

സാബി ബാവയുടെ "ഉമ്മുക്കുട്ടിയുടെ ചിക്കൂസ്" എന്ന ഓര്‍മ്മക്കുറിപ്പിനിട്ട കമന്റ്.

സാബി ബാവയുടെ "മിഴിനീര്‍ " എന്ന ബ്ലോഗ്ഗിലെ പുതിയ പോസ്റ്റ് "ഉമ്മുക്കുട്ടിയുടെ ചിക്കൂസ്" എന്ന ഓര്‍മ്മക്കുറിപ്പിനിട്ട കമന്റ്.
പോസ്റ്റ് ഇവിടെ വായിക്കാം.

**************************************************************************************************

നനുനനുത്ത ബാല്ല്യ സ്മരണകളുടെ വശ്യമനോഹരമായ അവതണം..
ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളെ മിഴിവാര്‍ന്ന രീതിയില്‍ വരച്ചുവെച്ചിരിക്കുന്നു...

ആട്ടിന്‍ കൂട്ടങ്ങളും കുന്നിന്‍പുറവും വയലും കണ്ണിമാങ്ങയും വിരുന്ന് പോക്കും ഒക്കെയും ഓരോ മലയാളി മനസ്സിന്റേയും നേര്‍ച്ചിത്രങ്ങളാണു..
ആ പച്ചപ്പുല്‍മേട്ടിലേക്ക് ഒന്നു തിരികെപോകാന്‍ കൊതിക്കാത്ത ഏതു മനസ്സാണു ഉള്ളത്..
ആ പാടവരമ്പത്ത് കൂട്ടുകാരുമൊത്ത് പരല്‍മീനിനെ നോക്കിയിരിക്കാന്‍ ..
സായന്തനങ്ങളില്‍ ആകാശച്ചെരുവിലൂടെ കൂട്ടമായി മടങ്ങുന്ന പറവകളെ അങ്ങ് ചക്രവാളത്തില്‍ മറയും വരെ നോക്കി നില്‍ക്കാന്‍ കൊതിക്കാത്ത് ഏതു മനസ്സുണ്ട് തനി മലായാളിയില്‍ ?

ഈ രചന നമ്മളെയോരോരുത്തരേയും പഴയ സ്മൃതികളിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു..

എന്തെഴുതിയാലും മനോഹരം എന്ന സര്‍ഗ്ഗ വൈഭവം മിന്നിത്തെളിയുന്നത് കാണുമ്പോള്‍ ഇടക്കാല ബ്ലോഗനുഭവങ്ങള്‍ തളര്‍ത്തിയില്ല പകരം വളര്‍ത്തുകയാണു ചെയ്തത് എന്നതില്‍ ഞാനെന്റെ അഭിനന്ദനം അറിയിക്കുന്നു.

ഗള്‍ഫ് ജീവിതത്തിന്റെ ജോലി-കുട്ടികള്‍ - ഉറക്കം-ടീവി-ഗസ്റ്റ് പ്രക്രിയയില്‍ തീരെ ചെറുതായിപ്പോകുന്ന ദിനരാത്രങ്ങള്‍ക്കിടയിലും
സാബിയുടെ സര്‍ഗ്ഗ ചോദന അതിന്റെ പരിമിതിയെ മറികടന്നെത്തുന്നു.

ആ തൂലിക ഇനിയും മനോഹരമായ രചനകള്‍ക്ക് സാക്ഷി
യാകട്ടേ എന്ന് ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടേ..